സൂചിമുഖിയുടെ ഉപദേശം

ഒരിക്കല്‍ ഒരു സന്ധ്യാനേരത്ത് സൂചിമുഖിക്കുരുവി ഒരു മരത്തില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കൂട്ടം കുരങ്ങന്‍മാര്‍ ആ വഴി വന്നത്. തനി മണ്ടന്മാരും, വികൃതികളുമായ കുറെ കുരങ്ങന്‍മാര്‍!

കൂട്ടത്തില്‍ ഒരു കുരങ്ങന്‍ പുല്‍ച്ചെടികള്‍ക്കിടയില്‍ എന്തോ ഒന്ന് തിളങ്ങുന്നത് കണ്ടു. അവന്‍ അങ്ങോട്ട് ചെന്നു നോക്കി. തിളങ്ങുന്ന വസ്തു തീക്കനല്‍ തന്നെയെന്ന് കരുതി ആ മണ്ടന്‍ അത് കയ്യിലെടുത്തു! വികൃതിക്കുരങ്ങന്‍റെ കായ്യിലെ തിളങ്ങുന്ന വസ്തു തീക്കനല്‍ തന്നെയെന്ന് മറ്റ് കുരങ്ങന്‍മാരും തീര്‍ച്ചയാക്കി. (തീ കയ്യിലെടുത്താല്‍ പൊള്ളും എന്നു മനസ്സിലാക്കാനുള്ള ബുദ്ധി അവര്‍ക്കില്ലല്ലോ!).

മനുഷ്യര്‍ ചെയ്യുന്നത് പോലെ തീ കൂട്ടുവാനായി അവര്‍ ആ തീക്കനലിന് ചുറ്റും കരിയിലകള്‍ കൂട്ടിയിട്ട് തീ ഊതുവാന്‍ തുടങ്ങി.

ഈ കാഴ്ച കണ്ടിരിക്കുകയായിരുന്ന സൂചിമുഖിക്കുരുവിയ്ക്ക് ഈ മണ്ടത്തരം കണ്ടിരിക്കാന്‍ കഴിഞ്ഞില്ല. അവള്‍ ഉറക്കെ വിളിച്ച് പറഞ്ഞു

"കൂട്ടുകാരെ! അത് തീക്കനലൊന്നുമല്ല! ഒരു പാവം മിന്നാമിനുങ്ങാണ്!"

കുരങ്ങന്‍മാര്‍ സൂചിമുഖിയുടെ വാക്കുകള്‍ ശ്രദ്ധിച്ചതെയില്ല. അവര്‍ വീണ്ടും തീ ഊതിക്കൊണ്ടിരുന്നു.

സൂചിമുഖി  വീണ്ടും പറഞ്ഞു. "കൂട്ടുകാരെ! നിങ്ങള്‍ വെറുതെ സമയം കളയണ്ട! അത് കൊണ്ട് നിങ്ങള്‍ക്ക് തീയുണ്ടാക്കാന്‍ കഴിയില്ല. ഞാന്‍ പറഞ്ഞില്ലേ, അതൊരു മിന്നാമിനുങ്ങാണ്!"

കുരങ്ങന്‍മാര്‍ സൂചിമുഖിയെ ദേഷ്യത്തോടെ നോക്കി. വികൃതിക്കുരങ്ങന്‍ അവളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു.

പക്ഷേ സൂചിമുഖിയ്ക്കുണ്ടോ അടങ്ങിയിരിക്കാന്‍ പറ്റുന്നു. അവള്‍ കുരങ്ങന്‍മാരുടെ അടുത്തേയ്ക്ക് പറന്നു ചെന്നു വീണ്ടും പറഞ്ഞു.

"നിങ്ങള്‍ ഞാന്‍ പറഞ്ഞത് ശ്രദ്ധിക്കാതെ വെറുതെ  സമയം പാഴാക്കുകയാണ്. അത് വെറും മിന്നാമിനുങ്ങാണ്. അത് നിങ്ങള്‍ എത്ര മിനക്കെട്ടാലും കത്താന്‍ പോകുന്നില്ല'

ദേഷ്യം പിടിച്ച ഒരു വികൃതിക്കുരങ്ങന്‍ പെട്ടെന്നു സൂചിമുഖിയെ കടന്നു പിടിച്ചു അവളുടെ കഴുത്തിന് പിടിച്ച് ഞെരിച്ചു കൊന്നു താഴെക്കേറിഞ്ഞു. ഒന്നും സംഭവിക്കാത്തത് പോലെ അവര്‍ തീ ഊതുന്ന ജോലി തുടര്‍ന്നു.

വിഡ്ഡികളും വികൃതികളുമായവരെ തിരുത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധിച്ച് വേണം. അതുപോലെ അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ചിലപ്പോള്‍ അപകടം ക്ഷണിച്ചു വരുത്തും.


Post a Comment

0 Comments